ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം

 

ത്രേതായുഗത്തില്‍ ജീവിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ശ്രീരാമന്‍, ലക്ഷ്മണന്‍, സീത എന്നിവര്‍ വനവാസക്കാലത്ത് താമസിച്ചിരുന്നത് എടയ്ക്കാട്ടുവയല്‍ പ്രദേശത്തായിരുന്നു എന്ന ഐതീഹ്യം നിലവില്‍ ഉണ്ട്. ഈ ഐതീഹ്യത്തിന് തെളിവായി സീതക്കുന്ന്പൊന്മനാട്തിരുമറയൂര്‍, കുതിരമുഖം, (ഇന്നത്തെ വെളിയനാട്)ഊര്‍മ്മിളക്കുന്ന്ഉമ്മിക്കുന്ന്കട്ടപ്പടതുടങ്ങിയ സ്ഥലനാമങ്ങളും തേരാലികൊട്ടതടി തുടങ്ങിയ അയല്‍ സ്ഥലനാമങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്ന് കാടുകളും വയലുകളും ഇടവിട്ട് നിറഞ്ഞു നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇവിടം. അതുകൊണ്ടാണ് എടയ്ക്കാട്ടുവയല്‍ എന്ന സ്ഥലനാമം ഈ പ്രദേശത്തിനു ലഭിച്ചത് എന്നു പഴമക്കാര്‍ പറയുന്നു. തിരിമറയൂരെ ശ്രീരാമസ്വാമി ക്ഷേത്രവും തൊട്ടു കിഴക്ക് മൂഴക്കുളത്തുള്ള ശ്രീലക്ഷ്മണസ്വാമി ക്ഷേത്രവും രാമഭക്തരായ ഒരു ജനവിഭാഗം ഇവിടെ ജീവിച്ചിരുന്നു എന്നതിനും തെളിവായി ചൂണ്ടിക്കാണിക്കുന്നു. ശൈവമതക്കാരുടെ ആരാധനാമൂര്‍ത്തിയായ ശിവന്‍ കുടികൊള്ളുന്ന തിരുമാറായിക്കുളം ക്ഷേത്രത്തിനു മറ്റൊരു ചരിത്രകഥയാണുള്ളത്. തിരുമാറ്റംചിറ എന്ന പുണ്യതീര്‍ത്ഥ സങ്കേതത്തില്‍ തപസ്സനുഷ്ഠിക്കാന്‍ വന്ന ഒരു യോഗീശ്വരന്‍ തന്റെ അന്തര്‍ നേത്രത്താല്‍ ശിവചൈതന്യം കാണുകയും അങ്ങിനെ കണ്ട സ്ഥലത്ത് ഒരു അമ്പലം പണിയാന്‍ അന്നത്തെ രാജസ്ഥാനത്ത് അനുമതി ചോദിക്കുകയും അങ്ങിനെ ക്ഷേത്രം നിര്‍മ്മിക്കപ്പെടുകയും ചെയ്തു എന്നാണ് ഐതീഹ്യം.എടയ്ക്കാട്ടുവയലിന്റെ വ്യാപകമായി അറിയപ്പെടുന്ന മറ്റൊരു പേരാണ് കണ്ടോത്തി നിരപ്പ്. നെടുമ്പുറത്ത് മനയുടെ അധീനതയിലിരുന്ന പ്രദേശമാണ് ഇന്നത്തെ എടയ്ക്കാട്ടുവയല്‍. കണ്ടോതി എന്നു പേരുള്ള ഒരു വ്യക്തിയാണ് മന വക വസ്തു നോക്കി നടത്തിയിരുന്നതെന്ന് പറയുന്നു. കണ്ടോതിയുടെ മേല്‍നോട്ടത്തിലായിരുന്ന സ്ഥലമായിരുന്നതുകൊണ്ടാണ് ഇതിന് കണ്ടോത്തിനിരപ്പ് എന്നറിയപ്പെട്ടിരിക്കുന്നതെന്ന് പഴമക്കാര്‍ പറയുന്നു.ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനഫലമായി കൊച്ചി രാജ്യം വിദ്യാഭ്യാസപരമായി അഭിവൃദ്ധിപ്പെട്ടു. വടയാപ്പറമ്പ് മാര്‍ ബഹനാന്‍ പള്ളിയും ചെത്തിക്കോട് സെന്റ് മേരീസ് പള്ളിയുമാണ് എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തില്‍ ആദ്യകാലത്തുണ്ടായ ക്രിസ്തീയ ദേവാലയങ്ങള്‍. സ്വാതന്ത്ര്യ സമരത്തില്‍ ഈ പഞ്ചായത്തിലെ പ്രഗല്‍ഭമതികളും പങ്കെടുത്തിരുന്നതായി പറയപ്പെടുന്നു. നെട്ടടി ഉമ്മന്‍ പയ്യന്നൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തിരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ഗാന്ധിജിയുടെ വാര്‍ധാ ആശ്രമത്തില്‍ പോയി സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. സര്‍ സി. പി. രാമസ്വാമി അയ്യരുടെ ഭീകരമര്‍ദ്ദനങ്ങള്‍ക്ക് തറയില്‍ ശങ്കരന്‍ നായര്‍ ഇരയായിട്ടുണ്ട് .രാജഭരണകാലത്തെ ഭൂവുടമാ ബന്ധങ്ങള്‍ കാണാക്കുടിയായ്മ സമ്പ്രദായത്തിലായിരുന്നു. ജന്മിമാര്‍ മുതല്‍ പിടിമാര്‍ക്കും അവര്‍ മറ്റു ജാതിക്കാര്‍ക്കും ഭൂമിയില്‍ പണിയെടുക്കുന്നതിനുള്ള അനുവാദം നല്‍കിയിരുന്നു. വാരംപാട്ടം മുതലായ പേരുകളില്‍ മറ്റു ജാതിക്കാര്‍ മുതല്‍ പിടിമാര്‍ക്കും അവര്‍ ജന്മിമാര്‍ക്കും വിളവ് ഉല്‍പന്നങ്ങള്‍ നല്‍കിയിരുന്നു. 1957 ലെ ഭൂപരിഷ്ക്കരണ നിയമങ്ങളും കാണാക്കുടിയായ്മ നിരോധന നിയമവും മൂലമാണ് ഇതിനൊരു മാറ്റം ഉണ്ടായത്.പഞ്ചായത്തിലെ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സംഭാവന നല്‍കിയത് അമ്പാട്ടില്‍ കുടംബമാണ്. പ്രൈമറി സ്ക്കൂളുകള്‍ സ്ഥാപിച്ചു കൊണ്ട് എല്ലാ ജനവിഭാഗങ്ങളും വിദ്യാഭ്യാസ സൌകര്യം ഉണ്ടാക്കികൊടുക്കുന്നതില്‍ ആ കുടംബക്കാര്‍ ഏറ്റവും ശ്ളാഘനീയമായ ഒരു പങ്ക് പണ്ടുകാലത്തു തന്നെ വഹിച്ചിട്ടുണ്ട്. ചെത്തിക്കോട് പള്ളിയും വെളിയനാട് ബഥനിസമൂഹവും വിദ്യാഭ്യാസ രംഗത്ത് നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്.ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കൈത്തറിയുടെയും ഖാദിയുടെയും പ്രചാരണത്തില്‍ നാട്ടുകാര്‍ മുന്‍കൈ എടുത്തിരുന്നു. അക്കാലത്തെ കൈത്തറി നെയ്ത്തു സ്ക്കൂളാണ് ഇന്നത്തെ സര്‍ക്കാര്‍ യു. പി. സ്ക്കൂളായി മാറിയത്. ഈ പഞ്ചായത്തില്‍ നെല്‍കൃഷി പണ്ടുകാലം മുതലെ ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായിരുന്നു. കരഭൂമിയില്‍ കപ്പ വ്യാപകമായി കൃഷി ചെയ്തിരുന്നു. കൂടാതെ തെരുവുപ്പുല്ല് കൃഷി ചെയ്തിരുന്ന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുല്‍തൈലം വാറ്റി മട്ടാഞ്ചരി കമ്പോളത്തില്‍ കൊണ്ടുപോയി വിറ്റാണ് അന്ന് പല കുടുംബങ്ങളും ജീവിച്ചിരുന്നത്. തെരുവുകൃഷി ലാഭകരമല്ലാതായപ്പോള്‍ വ്യാപകമായി കശുമാവുകൃഷി തുടങ്ങി. കശുവണ്ടിയേക്കാള്‍ ലാഭകരം റബ്ബറാണെന്നു മനസ്സിലാക്കിയ ജനങ്ങള്‍ പിന്നീട് റബ്ബര്‍ കൃഷിയിലേക്കു തിരിഞ്ഞു. പണ്ടുകാലത്ത് കുലത്തൊഴിലുകളാണ് സാധാരണക്കാരന്റെ ആലംബമായിരുന്നത്. വിശ്വകര്‍മ്മരുംതെങ്ങുകയറ്റക്കാരുംഅലക്കുകാരുംക്ഷൌരക്കാരും അവരവരുടെ കുലത്തൊഴിലുകളില്‍ ഒതുങ്ങി ജീവിച്ചിരുന്നു. വാസ്തുശില്പകലയിലും തച്ചുശാസ്ത്രത്തിലും പ്രസിദ്ധരായിരുന്ന പലരും ഈ പഞ്ചായത്തു പ്രദേശത്ത് ഉണ്ടായിരുന്നു.ആയൂര്‍വേദ ചികിത്സാ സമ്പ്രദായമാണ് ആരോഗ്യ പരിപാലനത്തിന് സ്വീകരിച്ചിരുന്നത്. വിഷചികിത്സയില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ നാട്ടുവൈദ്യന്മാരും എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തില്‍ ഉണ്ടായിരുന്നു.ഈ പഞ്ചായത്തിന്റെ ഓരോ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു മാത്രം താമസിച്ചിരുന്ന ജനങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ ഓണത്തോടനുബന്ധിച്ചും സമീപപ്രദേശങ്ങളിലെദേവാലയങ്ങളിലെ ഉത്സവങ്ങളോടും പെരുന്നാളുകളോടു അനുബന്ധിച്ചും നടത്താറുള്ള പരിപാടികളില്‍ ഒത്തുചേരലായിരുന്നു ആദ്യകാലങ്ങളില്‍ ഈ ഗ്രാപ്രദേശത്തുണ്ടായിരുന്ന പ്രധാന സാംസ്കാരിക പരിപാടി. പാര്‍പ്പാകോട്വെളിയനാട് മുതലായ പ്രദേശങ്ങളില്‍ കലാകായിക സാംസ്കാരിക പരിപാടികള്‍ നടന്നിട്ടുള്ളതായും ധാരാളമാളുകള്‍ ഒത്തുകൂടാറുള്ളതായി കാണാവുന്നതാണ്.പഞ്ചായത്തുരൂപീകരിക്കപ്പെട്ടതിനുശേഷവും പലഭാഗങ്ങളിലും കലാകായിക സംഘടനകള്‍ രൂപം കൊള്ളുകയും ജനങ്ങളെ മാനസികോല്ലാസത്തിനെന്നതിലുപരി സാംസ്ക്കാരിക വളര്‍ച്ചയ്ക്കും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ സഹായകരങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പു രൂപീകരിക്കപ്പെട്ടു പ്രവര്‍ത്തിച്ചുവന്നിരുന്ന വെളിയനാട് ഗ്രാമീണ വായനശാല വെളിയനാട് നെയ്ത്ത്് സ്ക്കൂളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വന്നിരുന്നതാണ്. നാടിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാനും ഉച്ചനീചത്വങ്ങള്‍ക്കെതിരെ പ്രതികരിക്കുവാനും ഒരു മാധ്യമമായി ഈ വായനശാല പ്രവര്‍ത്തിച്ചിട്ടുള്ളതായികാണാം.പഞ്ചായത്തിന്റെ തനതായ സംസ്കാരത്തില്‍ നാടന്‍ കലാരൂപങ്ങള്‍ക്കും കലകള്‍ക്കും തനതായ പങ്കുണ്ടായിരുന്നു. മുടിയേറ്റ്കളരിപ്പയറ്റ്സര്‍പ്പംതുള്ളല്‍, തുടങ്ങിയ കലകള്‍ നിലനിന്നിരുന്നു. വാദ്യമേളങ്ങള്‍ക്കും അവയുടെ അഭ്യാസനത്തിനും പലരും ഈ പഞ്ചായത്തില്‍ ഉണ്ടായിരുന്നു.